ഇന്ത്യയിൽ ആപ്പിൾ പേ അവതരിപ്പിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലെ ആദ്യ ബാങ്കിംഗ് പങ്കാളിയായി ആക്സിസ് ബാങ്ക് എത്താനാണ് സാധ്യത. ആദ്യ ഘട്ടത്തിൽ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ആപ്പിൾ പേയുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാൻ കഴിയുന്ന രീതിയിലായിരിക്കും സേവനം ആരംഭിക്കുകയെന്നാണ് വിവരം. HDFC ബാങ്ക് , ICICI ബാങ്ക് തുടങ്ങിയ മറ്റ് പ്രമുഖ ബാങ്കുകളുമായും Apple ചർച്ചകൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
ആപ്പിൾ പേ വഴി ഉപയോക്താക്കൾക്ക് ഐഫോൺ , ആപ്പിൾ വാച്ച് തുടങ്ങിയ
അനുയോജ്യമായ ഉപകരണങ്ങൾ ഉപയോഗിച്ച് കോൺടാക്ട്ലെസ്സ് പയ്മെന്റ്റ് നടത്താനാകും. എൻഎഫ്‍സി
സാങ്കേതികവിദ്യ ഉപയോഗിച്ച് പിന്തുണയുള്ള പേയ്മെന്റ് ടെർമിനലിൽ ഉപകരണം ടാപ്പ് ചെയ്ത്
ഇടപാട് പൂർത്തിയാക്കാൻ സാധിക്കും. ഫേസ് ഐഡി , ടച്ച് ഐഡി അല്ലെങ്കിൽ പാസ്സ്‌കോഡ് ഉപയോഗിച്ചുള്ള
ഓതെന്റിക്കേഷൻ ആണ് സുരക്ഷയ്ക്കായി ഉപയോഗിക്കുന്നത്.
ആപ്പിൾ പേയിൽ യഥാർത്ഥ കാർഡ് നമ്പറിന് പകരം ഡിവൈസ് സ്‌പെസിഫിക് ടോക്കൺ ഉപയോഗിക്കുന്നതിനാൽ, ഉപയോക്താവിന്റെ യഥാർത്ഥ കാർഡ് വിവരങ്ങൾ പേയ്മെന്റ് സമയത്ത് വ്യാപാരിക്ക് കൈമാറേണ്ടതില്ലെന്ന് ആപ്പിൾ വ്യക്തമാക്കുന്നു.
ഇന്ത്യൻ വിപണിയിൽ ആപ്പിൾ പേയുടെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങളിലൊന്ന് യുപിഐ പിന്തുണ സംബന്ധിച്ചാണ്. ചില റിപ്പോർട്ടുകൾ ആപ്പിൾ പേയിൽ യുപിഐ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുമ്പോൾ, റോയിട്ടേഴ്‌സ് റിപ്പോർട്ട് ആദ്യഘട്ടത്തിൽ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളെ കേന്ദ്രീകരിച്ചുള്ള സേവനമായിരിക്കാമെന്നാണ് വ്യക്തമാക്കുന്നത്. അതിനാൽ യുപിഐ പിന്തുണയുടെ കൃത്യമായ രൂപവും സമയക്രമവും ആപ്പിൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഇന്ത്യ ഇതിനകം തന്നെ യുപിഐ അധിഷ്ഠിത ഡിജിറ്റൽ പേയ്മെന്റുകളുടെ വലിയ വിപണിയാണ്. ആപ്പിൾ പേ എത്തുന്നതോടെ ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിൾ എക്കോസിസ്റ്റത്തിനുള്ളിൽ തന്നെ കാർഡ് പേയ്മെന്റ് നടത്താനുള്ള മറ്റൊരു മാർഗം ലഭിക്കും. നിലവിലുള്ള ഡിജിറ്റൽ പേയ്മെന്റ് സേവനങ്ങളുമായി ആപ്പിൾ എങ്ങനെ മത്സരിക്കുമെന്നത് ശ്രദ്ധേയമായ കാര്യമായിരിക്കും.
ആപ്പിൾ പേ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് രാജ്യത്തെ വളരുന്ന ഡിജിറ്റൽ പേയ്മെന്റ് വിപണിയിൽ ആപ്പിളിന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിനുള്ള പ്രധാന നീക്കമായാണ് കാണപ്പെടുന്നത്. എന്നാൽ ഔദ്യോഗിക ലോഞ്ച് തീയതി, പിന്തുണയ്ക്കുന്ന ബാങ്കുകളുടെ പൂർണ്ണ പട്ടിക, യുപിഐ ഉൾപ്പെടെയുള്ള സേവനങ്ങളുടെ വിശദാംശങ്ങൾ എന്നിവ ആപ്പിൾ സ്ഥിരീകരിച്ച ശേഷമേ അന്തിമമായി വ്യക്തമാകൂ.
.png)