2026–27 സാമ്പത്തിക വർഷത്തിൽ10 ലക്ഷം ഗ്രീൻ വാഹനങ്ങൾ നിർമിച്ചു വിൽക്കാൻ മാരുതി സുസുകി തയ്യാറെടുക്കുന്നു
ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ പാസഞ്ചർ വാഹന നിർമാതാക്കളായ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്, 2026–27 സാമ്പത്തിക വർഷത്തിൽ 10 ലക്ഷം ഗ്രീൻ വാഹനങ്ങൾ വിൽക്കാൻ ലക്ഷ്യമിടുന്നു. സിഎൻജി, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുന്ന വിഭാഗത്തിലാണ് കമ്പനി ഈ ലക്ഷ്യം പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ 8–9 ലക്ഷം ഗ്രീൻ വാഹനങ്ങളുടെ വിൽപ്പനയായിരുന്നു കമ്പനി പ്രതീക്ഷിച്ചിരുന്നത്.
കമ്പനിയുടെ ഓട്ടോ ഗ്രീൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഗ്രീൻ മൊബിലിറ്റി വാഹനങ്ങളുടെ നിര വിപുലീകരിക്കുകയാണ് മാരുതി സുസുകി. പ്രത്യേകിച്ച് സിഎൻജി വാഹനങ്ങളുടെ വർധിച്ചുവരുന്ന ആവശ്യകതയും പുതിയ ഓട്ടോമാറ്റിക് സിഎൻജി മോഡലുകളും 10 ലക്ഷം യൂണിറ്റ് ലക്ഷ്യത്തിലെത്താൻ സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
മാരുതി സുസുകിയുടെ ഗ്രീൻ വാഹന വിൽപ്പനയിൽ സിഎൻജിയ്ക്ക് വലിയ പങ്കാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ഫാക്ടറി-ഫിറ്റഡ് സിഎൻജി പാസഞ്ചർ വാഹന വിപണിയിൽ കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്. സിഎൻജി വാഹനങ്ങളുടെ വിൽപ്പനയിൽ അടുത്തിടെ മികച്ച വളർച്ച രേഖപ്പെടുത്തിയതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
സിഎൻജി വാഹനങ്ങളിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിന്റെ ഭാഗമായി സ്വിഫ്റ്റ്, ഡിസയർ, ബലെനോ മോഡലുകളുടെ ഓട്ടോമാറ്റിക് എസ് -സിഎൻജി പതിപ്പുകളും മാരുതി സുസുകി അവതരിപ്പിച്ചു. സിഎൻജിയുടെ കുറഞ്ഞ പ്രവർത്തനച്ചെലവും ഓട്ടോമാറ്റിക് ഗിയറിന്റെ സൗകര്യവും ഒരുമിച്ച് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സിഎൻജിയ്ക്കൊപ്പം ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾക്കും മാരുതി സുസുകി കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. കമ്പനിയുടെ ആദ്യ ബാറ്ററി ഇലക്ട്രിക് വാഹനമായ ഈ വിറ്റാര ഇതിനകം വിപണിയിലെത്തിയിട്ടുണ്ട്. ഭാവിയിൽ ഇന്ത്യയിലെ വാഹന വിപണിയിൽ വൈദ്യുത വാഹനങ്ങളുടെ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ ഇവി മേഖലയിലും സാന്നിധ്യം ശക്തമാക്കാനാണ് കമ്പനിയുടെ നീക്കം.
മാരുതി സുസുകിയുടെ ഗ്രീൻ മൊബിലിറ്റി തന്ത്രം ഒരൊറ്റ സാങ്കേതികവിദ്യയിൽ മാത്രം ആശ്രയിക്കാതെ സിഎൻജി, ഹൈബ്രിഡ്, ഇലക്ട്രിക് തുടങ്ങിയ വിവിധ പവർട്രെയിൻ സാങ്കേതികവിദ്യകളെ ഉൾക്കൊള്ളുന്നതാണ്.
ഗ്രീൻ വാഹനങ്ങളുടെ വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് മാരുതി സുസുകി ഉൽപ്പാദന ശേഷിയും വർധിപ്പിക്കുന്നുണ്ട്. ഹരിയാനയിലെ ഖാർഖോഡ പ്ലാന്റിന്റെ ശേഷി ഘട്ടംഘട്ടമായി വർധിപ്പിക്കുന്നതിനൊപ്പം ഗുജറാത്തിലും പുതിയ നിക്ഷേപ പദ്ധതികൾ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
10 ലക്ഷം ഗ്രീൻ വാഹനങ്ങളുടെ ലക്ഷ്യം കൈവരിക്കാനായാൽ ഇന്ത്യയിലെ പാസഞ്ചർ വാഹന വിപണിയിൽ സിഎൻജി, ഹൈബ്രിഡ്, ഇവി തുടങ്ങിയ കുറഞ്ഞ മലിനീകരണ സാങ്കേതികവിദ്യകളുടെ വ്യാപനം കൂടുതൽ വേഗത്തിലാകാൻ സാധ്യതയുണ്ട്. അതേസമയം, ഈ ലക്ഷ്യത്തിൽ സിഎൻജി വാഹനങ്ങൾക്കായിരിക്കും പ്രധാന പങ്ക് വഹിക്കുകയെന്നാണ് നിലവിലെ കമ്പനിയുടെ തന്ത്രം സൂചിപ്പിക്കുന്നത്
.png)