കേരളത്തിൽ റിലയൻസ് ജിയോയ്ക്ക് മുന്നേറ്റം; ഒരു മാസം കൊണ്ട് 3.36 ലക്ഷം സജീവ വരിക്കാർ കൂടി
കൊച്ചി : കേരളത്തിലെ ടെലികോം വിപണിയിൽ റിലയൻസ് ജിയോയുടെ സജീവ വരിക്കാരുടെ എണ്ണം ശ്രദ്ധേയമായി ഉയർന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) കണക്കുകൾ പ്രകാരം 2026 മേയ് മാസത്തിൽ ജിയോ കേരളത്തിൽ 3.36 ലക്ഷം സജീവ മൊബൈൽ വരിക്കാരെ പുതുതായി ചേർത്തു.
ഏപ്രിൽ അവസാനം കേരളത്തിൽ ജിയോയുടെ സജീവ മൊബൈൽ വരിക്കാരുടെ എണ്ണം 101.70 ലക്ഷം ആയിരുന്നു. മേയ് അവസാനത്തോടെ ഇത് 105.06 ലക്ഷം ആയി ഉയർന്നു. ഇതോടെ സജീവ വരിക്കാരുടെ വിപണി വിഹിതവും ഏപ്രിലിലെ 24.22 ശതമാനത്തിൽ നിന്ന് 24.74 ശതമാനമായി വർധിച്ചു.
മൊബൈൽ സേവനങ്ങൾക്ക് പുറമെ ജിയോയുടെ ഹോം കണക്ഷൻ വിഭാഗത്തിലും കേരളത്തിൽ വർധന രേഖപ്പെടുത്തി. ജിയോ ഫൈബർ, എയർഫൈബർ ഉൾപ്പെടെയുള്ള ഹോം സബ്‌സ്‌ക്രൈബർമാരുടെ എണ്ണം ഏപ്രിലിലെ 6,28,080ൽ നിന്ന് മേയിൽ 6,34,165 ആയി ഉയർന്നു. അതായത് ഒരു മാസത്തിനിടെ 6,085 പുതിയ ഹോം സബ്‌സ്‌ക്രൈബർമാരെ കൂടി സ്വന്തമാക്കി. ഈ വിഭാഗത്തിൽ ജിയോയുടെ വിപണി വിഹിതം മേയിൽ 29.2 ശതമാനം ആയി.
TRAIയുടെ മേയ് 2026 കണക്കുകൾ പ്രകാരം കേരളത്തിലെ ജിയോയുടെ 5G Fixed Wireless Access (FWA) കണക്ഷനുകൾ ഏപ്രിലിലെ 2,02,215ൽ നിന്ന് 2,03,990 ആയി ഉയർന്നു. ജിയോയുടെ UBR Fixed Wireless കണക്ഷനുകളും 10,832ൽ നിന്ന് 11,476 ആയി വർധിച്ചു.
കേരളത്തിലെ ഡിജിറ്റൽ സേവനങ്ങളുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ മൊബൈൽ ഡാറ്റ, 5G, ഫൈബർ, എയർഫൈബർ തുടങ്ങിയ സേവനങ്ങളിലെ ഉപഭോക്തൃ അടിത്തറ വികസിപ്പിക്കാനുള്ള ടെലികോം കമ്പനികളുടെ മത്സരം കൂടുതൽ ശക്തമാകുകയാണ്. ജിയോയുടെ മേയ് മാസത്തെ സജീവ വരിക്കാരുടെ വർധന കേരളത്തിലെ ടെലികോം വിപണിയിലെ ഈ മാറ്റത്തിന്റെ ശ്രദ്ധേയമായ സൂചനയാണ്.
