പേടിഎം പേയ്മെന്റ്സ് ബാങ്കിനെ ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി ആർബിഐ
ന്യൂഡൽഹി: പേടിഎം പേയ്മെന്റ്സ് ബാങ്ക്
ലിമിറ്റഡിനെ ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ പട്ടികയിൽ നിന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗികമായി
ഒഴിവാക്കി. ആർബിഐ ആക്ട്, 1934-ന്റെ സെക്കന്റ് സെഡ്യൂളിൽ നിന്നാണ് പേടിഎം പേയ്മെന്റ്സ്
ബാങ്കിന്റെ പേര് നീക്കം ചെയ്തത്. ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കിയതിന് പിന്നാലെയാണ്
പുതിയ നടപടി.
2026 ഏപ്രിൽ 24-ന് ആർബിഐ പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ
ബാങ്കിംഗ് ലൈസൻസ് റദ്ദാക്കിയിരുന്നു. ബാങ്കിന്റെ പ്രവർത്തനങ്ങൾ നിക്ഷേപകരുടെ താൽപര്യങ്ങൾക്ക്
വിരുദ്ധമായിരുന്നുവെന്നും മാനേജ്മെന്റിന്റെ പൊതുസ്വഭാവം നിക്ഷേപകരുടെയും പൊതുതാൽപര്യത്തിന്റെയും
അനുകൂലമല്ലെന്നും ആർബിഐ ചൂണ്ടിക്കാട്ടിയിരുന്നു. പേയ്മെന്റ്സ് ബാങ്കിന് നൽകിയ ലൈസൻസിലെ
വ്യവസ്ഥകൾ പാലിക്കുന്നതിലും വീഴ്ചയുണ്ടായതായി കേന്ദ്രബാങ്ക് വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ പേടിഎം പേയ്മെന്റ്സ് ബാങ്ക് അടച്ചുപൂട്ടുന്നതിനുള്ള
നടപടികളുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ
തുടർച്ചയായാണ് ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ പട്ടികയിൽ നിന്നുള്ള നീക്കം.
ആർബിഐ ആക്ട് , 1934-ന്റെ സെക്കന്റ് സെഡ്യൂളിൽ ഉൾപ്പെട്ടിട്ടുള്ള
ബാങ്കുകളെയാണ് പൊതുവെ ഷെഡ്യൂൾഡ് ബാങ്ക്സ് എന്ന് വിളിക്കുന്നത്. നിയമപരമായി നിശ്ചയിച്ച
മാനദണ്ഡങ്ങൾ പാലിക്കുന്ന ഇത്തരം ബാങ്കുകൾക്ക് ആർബിഐ ചട്ടക്കൂടിന് കീഴിൽ ചില പ്രത്യേക
സൗകര്യങ്ങളും ആനുകൂല്യങ്ങളും ലഭിക്കും.
പേടിഎം പേയ്മെന്റ്സ് ബാങ്ക് ഇനി ഈ പട്ടികയുടെ ഭാഗമല്ല. ആർബിഐയുടെ
അറിയിപ്പ് പ്രകാരം ജൂലൈ 31-ന് ഇതുസംബന്ധിച്ച നടപടി സ്വീകരിക്കുകയും പിന്നീട് ഗസറ്റ്
ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ ബാങ്കിംഗ് പ്രവർത്തനങ്ങൾ
നേരത്തെ തന്നെ നിയന്ത്രണവിധേയമാക്കിയിരുന്നു. 2022 മാർച്ചിൽ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിന്
ആർബിഐ വിലക്ക് ഏർപ്പെടുത്തിയിരുന്നു. തുടർന്ന് 2024 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പുതിയ
നിക്ഷേപങ്ങളും ക്രെഡിറ്റുകളും വാലറ്റ് ടോപ്പ്-അപ്പുകളും ഉൾപ്പെടെയുള്ള ചില പ്രവർത്തനങ്ങൾക്ക്
നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
അതേസമയം, പേടിഎം ആപ്പ് തന്നെ അടച്ചുപൂട്ടിയിട്ടില്ല. യുപിഐ
, ക്യുആർ പേയ്മെന്റുകൾ, സൗണ്ട് ബോക്സ്, കാർഡ് മെഷീനുകൾ, പേയ്മെന്റ് ഗേറ്റ്വേ തുടങ്ങിയ
പേടിഎമ്മിന്റെ പ്രധാന പേയ്മെന്റ് സേവനങ്ങൾ മറ്റ് ബാങ്കുകളെ ഉൾപ്പെടുത്തിയുള്ള മൾട്ടി-ബാങ്ക്
സംവിധാനത്തിലൂടെയാണ് പ്രവർത്തിക്കുന്നത്. അതിനാൽ പേടിഎം പേയ്മെന്റ്സ് ബാങ്കിനെ പട്ടികയിൽ
നിന്ന് നീക്കം ചെയ്ത നടപടി പേടിഎം ആപ്പിലെ എല്ലാ സേവനങ്ങളും അവസാനിപ്പിക്കുന്നതല്ല.
പേടിഎം പേയ്മെന്റ്സ് ബാങ്കിനെ ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ പട്ടികയിൽ
നിന്ന് നീക്കം ചെയ്ത നടപടി ഇന്ത്യയിലെ ഡിജിറ്റൽ ബാങ്കിംഗ്, ഫിൻടെക് മേഖലകളിൽ ആർബിഐയുടെ
നിയന്ത്രണ മാനദണ്ഡങ്ങൾക്ക് നൽകുന്ന പ്രാധാന്യം വീണ്ടും വ്യക്തമാക്കുന്നതാണ്. ഉപഭോക്തൃ
താൽപര്യം, കംപ്ലയൻസ്, ബാങ്കിംഗ് സംവിധാനത്തിന്റെ സുരക്ഷ എന്നിവയിൽ വീഴ്ചകൾ അനുവദിക്കില്ലെന്ന
ശക്തമായ സന്ദേശം കൂടിയാണ് നടപടി.
