പ്രീപെയ്ഡ് റീചാർജ് നിരക്ക് 10,000 രൂപ
ന്യൂഡൽഹി: മൊബൈൽ ഉപഭോക്താക്കൾക്കായി മൂന്ന് വർഷത്തെ ദീർഘകാല പ്രീപെയ്ഡ് റീചാർജ് പ്ലാൻ അവതരിപ്പിച്ച് റിലയൻസ് ജിയോ. 10,000 രൂപ വിലയുള്ള പുതിയ പ്ലാനിലൂടെ ഒറ്റത്തവണ റീചാർജ് ചെയ്താൽ 36 മാസത്തേക്ക് മൊബൈൽ സേവനങ്ങൾ ഉപയോഗിക്കാം. ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനൊപ്പം ഭാവിയിലെ ടെലികോം നിരക്ക് വർധനയിൽ നിന്ന് സംരക്ഷണം നേടാനും ഈ പ്ലാൻ സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
2026 നവംബർ 7 മുതൽ രാജ്യവ്യാപകമായി ലഭ്യമായ ഈ പ്ലാനിൽ അൺലിമിറ്റഡ് വോയ്സ് കോളുകൾ, പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് 5ജി കണക്റ്റിവിറ്റി തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ
10,000 രൂപയുടെ പുതിയ പ്ലാനിന് 36 മാസമാണ് കാലാവധി. ഇതിൽ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്സ് കോളുകൾ ലഭിക്കും. കൂടാതെ പ്രതിദിനം 2.5 ജിബി ഹൈസ്പീഡ് ഡാറ്റയും 100 എസ്എംഎസുകളും സൗജന്യമായി ലഭിക്കും. 5G സേവനം ലഭ്യമായ പ്രദേശങ്ങളിലും അനുയോജ്യമായ ഉപകരണങ്ങളിലും അൺലിമിറ്റഡ് 5G ഡാറ്റ ഉപയോഗിക്കാനും സാധിക്കും.
മൊബൈൽ കണക്റ്റിവിറ്റിക്ക് പുറമെ വിനോദം, ഡിസൈൻ, ക്ലൗഡ് സ്റ്റോറേജ് തുടങ്ങിയ ഡിജിറ്റൽ സേവനങ്ങളും പ്ലാനിന്റെ ഭാഗമായി ജിയോ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജിയോ ഹോട്ട്സ്റ്റാറും ക്യാൻവ പ്രോ ലൈറ്റും
പുതിയ പ്ലാനിൽ ജിയോ ഹോട്സ്റ്റാർ മൊബൈൽ + ഹോളിവുഡ് സബ്സ്ക്രിപ്ഷൻ ലഭിക്കും. ഇതിലൂടെ ലൈവ് സ്പോർട്സ്, ഹോട്ട്സ്റ്റാർ ഒറിജിനൽ പരിപാടികൾ, പ്രീമിയം ഷോകൾ, ഹോളിവുഡ് സിനിമകൾ എന്നിവ ആസ്വദിക്കാം.
കൂടാതെ 12 മാസത്തേക്ക് ക്യാൻവാ പ്രൊ ലൈറ്റ് സബ്സ്ക്രിപ്ഷനും ലഭിക്കും. ഡിസൈനിങ്, ക്രിയേറ്റീവ് ജോലികൾ, വിവിധ ഡിജിറ്റൽ കണ്ടന്റുകളുടെ നിർമ്മാണം എന്നിവയ്ക്ക് സഹായകരമായ ടൂളുകളാണ് ഇതിലുള്ളത്.
ഫോട്ടോകൾ, രേഖകൾ, മറ്റ് ഡിജിറ്റൽ ഫയലുകൾ എന്നിവ സൂക്ഷിക്കുന്നതിനായി 50 ജിബി സൗജന്യ ജിയോ എ ഐ കലൗഡ് സ്റ്റോറേജും ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ ക്യാൻവ സബ്സ്ക്രിപ്ഷന്റെ കാലാവധി 12 മാസം മാത്രമാണ്.
പ്രതിദിന ചെലവ് ഏകദേശം 9.13 രൂപ
10,000 രൂപയുടെ പ്ലാൻ 1,095 ദിവസത്തേക്ക് ലഭ്യമാകുന്നതിനാൽ പ്രതിദിന ചെലവ് ഏകദേശം 9.13 രൂപ മാത്രമാണ്. നിലവിലുള്ള 3,599 രൂപയുടെ വാർഷിക പ്ലാൻ മൂന്ന് തവണ റീചാർജ് ചെയ്യുകയാണെങ്കിൽ മൂന്ന് വർഷത്തേക്ക് 10,797 രൂപ ചെലവാകും. എന്നാൽ പുതിയ ദീർഘകാല പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് 797 രൂപ ലാഭിക്കാം.
ഭാവിയിൽ മൊബൈൽ താരിഫ് നിരക്കുകൾ വർധിച്ചാലും നിലവിലെ പ്ലാനിന്റെ ആനുകൂല്യങ്ങളും വിലയും മൂന്ന് വർഷത്തേക്ക് നിലനിർത്താൻ കഴിയുമെന്നതാണ് മറ്റൊരു പ്രധാന ആകർഷണം.
എങ്ങനെ റീചാർജ് ചെയ്യാം?
ഉപഭോക്താക്കൾക്ക് മൈ ജിയോ ആപ്പ്, Jioയുടെ ഔദ്യോഗിക വെബ്സൈറ്റ്, അംഗീകൃത ജിയോ സ്റ്റോറുകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ, മറ്റ് റീചാർജ് കേന്ദ്രങ്ങൾ എന്നിവ വഴി പുതിയ പ്ലാൻ സ്വന്തമാക്കാം.
ആരെല്ലാം ഈ പ്ലാൻ തിരഞ്ഞെടുക്കണം?
ദീർഘകാലത്തേക്ക് ഒരേ മൊബൈൽ കണക്ഷൻ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇടയ്ക്കിടെ റീചാർജ് ചെയ്യാൻ താൽപര്യമില്ലാത്തവർക്കും ഈ പ്ലാൻ പ്രയോജനകരമായേക്കാം. സ്ഥിരമായി കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവർക്കും 5ജി സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നവർക്കും അധിക ഡിജിറ്റൽ സബ്സ്ക്രിപ്ഷനുകൾ ആവശ്യമുള്ളവർക്കും ഇത് ആകർഷകമായിരിക്കും.
എന്നാൽ ഒറ്റത്തവണ 10,000 രൂപ ചെലവഴിക്കേണ്ടിവരുന്നതിനാൽ കുറഞ്ഞ നിരക്കിലുള്ള പ്രതിമാസ അല്ലെങ്കിൽ വാർഷിക പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് ഇത് അനുയോജ്യമാകണമെന്നില്ല. ഉപഭോക്താക്കളുടെ ഉപയോഗരീതിയും സാമ്പത്തിക സാഹചര്യവും കണക്കിലെടുത്ത് പ്ലാൻ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
ദീർഘകാല കണക്റ്റിവിറ്റിയും ഡിജിറ്റൽ സേവനങ്ങളും ഒരൊറ്റ റീചാർജിൽ ലഭ്യമാക്കുന്ന ജിയോയുടെ പുതിയ നീക്കം ഇന്ത്യൻ ടെലികോം വിപണിയിൽ ശ്രദ്ധേയമായ മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
