Paytm പ്രതിസന്ധിക്കു പരിഹാരം ഉണ്ടാകുമോ ?
MUMBAI : പേടിഎം പേയ്‌മെൻ്റ് ബാങ്കിൻ്റെ പ്രശ്നങ്ങളെ അവലോകനം ചെയ്യാനും അതിനു പരിഹാരം കാണുന്നതിനുമായി കമ്പനി മുൻ സെബി ചെയർമാൻ എം ദാമോദരൻ അധ്യക്ഷനായ ഒരു ഗ്രൂപ്പ് ഉപദേശക സമിതി രൂപീകരിക്കുമെന്ന് വെള്ളിയാഴ്ച അറിയിച്ചു . മുൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്‌സ് ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റ് എംഎം ചിറ്റാലെ, ആന്ധ്രാ ബാങ്കിൻ്റെ മുൻ ചെയർമാനും എംഡിയുമായ ആർ രാമചന്ദ്രനെപ്പോലുള്ള ബാങ്കിംഗ് വിദഗ്ധരും ഈ സമിതിയിൽ ഉൾപ്പെടുന്നുണ്ട്.
നിലവിലുള്ള പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ കമ്പനിയുടെ മാനേജ്‌മെൻ്റ് ഒരു റെഗുലേറ്ററി, കംപ്ലയൻസ് ചട്ടക്കൂട് പാലിച്ചുകൊണ്ട് സുസ്ഥിരമായ ബിസിനസ്സ് വളർച്ച കൈവരിക്കാൻ പ്രതിജ്ഞാബദ്ധമാണ് എന്ന് കമ്പനി ഒരു പ്രസ്താവനയിൽ പറഞ്ഞു..
പേടിഎം പേയ്‌മെൻ്റ് ബാങ്കിൻ്റെ പ്രവർത്തനം നിയന്ത്രിക്കാനുള്ള ആർബിഐയുടെ നീക്കത്തിനിടയിലാണ് ഈ പുതിയ പ്രഖ്യാപനം. വാലറ്റുകളും ഫാസ്ടാഗുകളും പോലെയുള്ള മറ്റ് പ്രീപെയ്ഡ് ഉപകരണങ്ങളും മെട്രോയിൽ ഉപയോഗിക്കുന്ന നാഷണൽ കോമൺ മൊബിലിറ്റി കാർഡുകളും അല്ലെങ്കിൽ മറ്റേതെങ്കിലും ഉപകരണവും ഉൾപ്പെടെയുള്ള ഉപഭോക്തൃ അക്കൗണ്ടുകളിൽ പണം സ്വീകരിക്കുന്നത് മാർച്ച് 1 മുതൽ നിർത്താൻ RBI നിർദ്ദേശിച്ചിട്ടുണ്ട്.
RBI യുടെ ഈ ഉത്തരവ് വന്നതുമുതൽ ഉപഭോക്താക്കൾ വളരെ ആശങ്കയിലാണ്. മുൻകാലങ്ങളിൽ ഇതുപോലുള്ള സമാനമായ അനുഭവങ്ങളും അതുമൂലം ഉണ്ടായ അതിഭയങ്കരമായ പ്രതിസന്ധികളും ഉപഭോക്താക്കളെ വലിയ മനോവിഷമത്തിലാക്കിയിരിക്കുകയാണ്. ഉപഭോക്താക്കളെയും നിക്ഷേപകരെയും ഗുരുതരമായ അപകടങ്ങളിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കമ്പനിയുടെ പുതിയ തീരുമാനം ഉപഭോകതാക്കൾക്കു ചെറിയ ആശ്വാസം നൽകുന്നു.
കെവൈസിയിൽ വലിയ ക്രമക്കേടുകൾ റെഗുലേറ്റർ കണ്ടെത്തിയതും, നിരന്തരമായ അനുസരണക്കേടുകളും ബാങ്കിനുള്ളിൽ നിലവിലുള്ള മെറ്റീരിയൽ സൂപ്പർവൈസറി ആശങ്കകളും ചൂണ്ടിക്കാട്ടി ഫെബ്രുവരി 29 ന് ശേഷം ഉപഭോക്തൃ അക്കൗണ്ടുകൾ, വാലറ്റുകൾ, ഫാസ്‌ടാഗുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയിലെ നിക്ഷേപങ്ങളോ ടോപ്പ്-അപ്പുകളോ സ്വീകരിക്കുന്നത് നിർത്താൻ പേടിഎം പേയ്‌മെൻ്റ് ബാങ്കിനോട് നിർദ്ദേശിച്ചിട്ടുണ്ട് .
പേടിഎമ്മും അതിൻ്റെ ബാങ്കിംഗ് വിഭാഗവും തമ്മിലുള്ള കള്ളപ്പണം വെളുപ്പിക്കലും സംശയാസ്പദമായ ഇടപാടുകളും സംബന്ധിച്ച് ആർബിഐ ആശങ്കകൾ ഉന്നയിച്ചു . ലക്ഷക്കണക്കിന് നോൺ-കെവൈസി കംപ്ലയിൻ്റ് അക്കൗണ്ടുകളും ഒന്നിലധികം അക്കൗണ്ടുകൾക്കായി ഒരൊറ്റ പാൻ ഉപയോഗിക്കുന്നതും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ആണ് Paytm നു വിനയായത്.