ബാങ്കിങ് സേവനങ്ങൾക്ക് 5 ദിവസം തടസ്സം നേരിട്ടേക്കും
ന്യൂഡൽഹി: സെപ്റ്റംബർ അവസാനവാരം രാജ്യത്തെ ബാങ്കിംഗ് സേവനങ്ങളെ ബാധിച്ചേക്കാവുന്ന പണിമുടക്കിന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യൂഎഫ്ബിയു) ആഹ്വാനം ചെയ്തതായി റിപ്പോർട്ടുകൾ. സെപ്റ്റംബർ 28 മുതൽ 30 വരെ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് മുമ്പുള്ള വാരാന്ത്യ അവധികൾ കൂടി കണക്കിലെടുക്കുമ്പോൾ ചില ബാങ്ക് ശാഖകളിൽ തുടർച്ചയായി അഞ്ച് ദിവസം നേരിട്ടുള്ള സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്.
സെപ്റ്റംബർ 26 ശനിയാഴ്ച നാലാം ശനിയാഴ്ചയായതിനാൽ ബാങ്കുകൾക്ക് അവധിയാണ്. സെപ്റ്റംബർ 27 ഞായറാഴ്ചയും ബാങ്കുകൾക്ക് പതിവ് അവധിയാണ്. ഇതിന് പിന്നാലെ സെപ്റ്റംബർ 28, 29, 30 തീയതികളിൽ പണിമുടക്ക് നടക്കുമെന്നാണ് യൂഎഫ്ബിയുഅറിയിച്ചിരിക്കുന്നത്.
എന്നാൽ, പണിമുടക്കിന്റെ അന്തിമ ക്രമീകരണങ്ങളും വിവിധ ബാങ്കുകളിലെ ജീവനക്കാരുടെ പങ്കാളിത്തവും അനുസരിച്ചായിരിക്കും സേവന തടസ്സത്തിന്റെ വ്യാപ്തി തീരുമാനിക്കപ്പെടുക. എല്ലാ ബാങ്കുകളും ഒരേ രീതിയിൽ അടഞ്ഞുകിടക്കുമെന്ന് ഉറപ്പിച്ച് പറയാനാകില്ല.
ബാങ്ക് ജീവനക്കാർക്ക് തിങ്കൾ മുതൽ വെള്ളി വരെ അഞ്ച് ദിവസത്തെ പ്രവൃത്തി ആഴ്ച നടപ്പാക്കണമെന്നാണ് യൂണിയനുകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഇതോടൊപ്പം ജീവനക്കാരുടെ സേവന വ്യവസ്ഥകൾ, പെർഫോമൻസ്-ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതി, ജീവനക്കാരുടെ നിയമനം തുടങ്ങിയ വിഷയങ്ങളും ചർച്ചകളിൽ ഉൾപ്പെടുന്നു.
അഞ്ച് ദിവസത്തെ ബാങ്കിംഗ് ആഴ്ച നടപ്പാക്കണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ നേരത്തെയും ആവശ്യപ്പെട്ടിരുന്നു. സർക്കാർ പ്രതിനിധികളും ബാങ്ക് യൂണിയനുകളും തമ്മിലുള്ള ചർച്ചകൾക്കിടയിലാണ് പുതിയ പണിമുടക്ക് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
പണിമുടക്ക് നടക്കുന്ന ദിവസങ്ങളിൽ ബാങ്ക് ശാഖകളിലെ നേരിട്ടുള്ള സേവനങ്ങൾക്ക് തടസ്സം നേരിട്ടേക്കാം. പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, ചെക്ക് ഇടപാടുകൾ, ഡിമാൻഡ് ഡ്രാഫ്റ്റ്, മറ്റ് ശാഖാ സേവനങ്ങൾ തുടങ്ങിയവയിൽ കാലതാമസം ഉണ്ടാകാൻ സാധ്യതയുണ്ട്.
അതേസമയം, ബാങ്കിന്റെ ഡിജിറ്റൽ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാണെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, യുപിഐ, എടിഎം തുടങ്ങിയ സേവനങ്ങൾ സാധാരണ നിലയിൽ ലഭ്യമായേക്കാം. എന്നാൽ പണിമുടക്കിന്റെ സാഹചര്യത്തിൽ എല്ലാ സേവനങ്ങളും തടസ്സമില്ലാതെ പ്രവർത്തിക്കുമെന്ന് ഉറപ്പില്ല.
അതിനാൽ ഉപഭോതാക്കൾ അടിയന്തരമായ ബാങ്ക് ഇടപാടുകൾ പണിമുടക്കിന് മുമ്പ് പൂർത്തിയാക്കുക. പണം ആവശ്യമായവർ നേരത്തെ തന്നെ ആവശ്യമായ തുക ക്രമീകരിക്കുക., ചെക്ക് ക്ലിയറൻസ്, ഡിമാൻഡ് ഡ്രാഫ്റ്റ്, വായ്പാ രേഖകൾ തുടങ്ങിയവയിൽ കാലതാമസം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ സ്വീകരിക്കുക. ബാങ്കിന്റെ മൊബൈൽ ആപ്പ്, ഇന്റർനെറ്റ് ബാങ്കിംഗ്, എടിഎം , യുപിഐ സേവനങ്ങൾ ലഭ്യമാണോ എന്ന് പരിശോധിക്കുക. ശാഖാ സന്ദർശനത്തിന് മുമ്പ് ബാങ്കിന്റെ ഔദ്യോഗിക അറിയിപ്പുകൾ പരിശോധിക്കുക.
അഞ്ച് ദിവസത്തെ പ്രവൃത്തി ആഴ്ച നടപ്പാക്കണമെന്ന ആവശ്യം ബാങ്ക് ജീവനക്കാരും മാനേജ്മെന്റും സർക്കാരും തമ്മിലുള്ള ചർച്ചകളിൽ പ്രധാന വിഷയമായി തുടരുകയാണ്. സെപ്റ്റംബർ അവസാനത്തെ പണിമുടക്ക് പ്രഖ്യാപനം ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കിയേക്കും.
.png)