ബാങ്ക് സമരം പിൻവലിച്ചു; സെപ്റ്റംബർ 28 മുതൽ ബാങ്കുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും
ന്യൂഡൽഹി: സെപ്റ്റംബർ 28 മുതൽ 30 വരെ രാജ്യവ്യാപകമായി നടത്താനിരുന്ന മൂന്ന് ദിവസത്തെ ബാങ്ക് സമരം പിൻവലിച്ചു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസും ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും തമ്മിൽ ഞായറാഴ്ച രാത്രി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് സമരം മാറ്റിവയ്ക്കാൻ ധാരണയായത്.
സമരം പിൻവലിച്ചതോടെ രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തനം സാധാരണ നിലയിൽ തുടരും. ശാഖകളിലെ പതിവ് ബാങ്കിംഗ് സേവനങ്ങൾ, ചെക്ക് ക്ലിയറിങ് തുടങ്ങിയ ഇടപാടുകൾക്ക് സമരം മൂലമുള്ള തടസ്സം ഉണ്ടാകില്ല.
ബാങ്ക് ജീവനക്കാരുടെ പ്രധാന ആവശ്യമായ ആഴ്ചയിൽ അഞ്ച് ദിവസം മാത്രം ബാങ്കുകൾ പ്രവർത്തിക്കുക എന്ന ആവശ്യം വിശദമായി പരിശോധിക്കുന്നതിനായി ഐബിഎയുടെയും യൂഎഫ്ബിയൂവിന്റേയും യുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന ഉന്നതതല സമിതി രൂപീകരിക്കാൻ ധാരണയായി.
എല്ലാ ശനിയാഴ്ചകളും ബാങ്ക് അവധിയാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ സാധ്യതകൾ സമിതി പരിശോധിക്കും. ബാങ്ക് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ പരിഹാരം കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്തുമെന്നും യൂണിയൻ നേതൃത്വം അറിയിച്ചു.
അഞ്ചുദിവസത്തെ പ്രവൃത്തിദിനത്തിന് പുറമെ പെൻഷൻ പരിഷ്കരണം, എൻപ എസ് ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാനുള്ള അവസരം തുടങ്ങിയ ആവശ്യങ്ങളും ബാങ്ക് യൂണിയനുകൾ ഉന്നയിച്ചിരുന്നു. ഇവയിൽ വേഗത്തിൽ പരിഹാരം കാണുന്നതിനുള്ള ചർച്ചകൾ തുടരുമെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ ബാങ്ക് സമരം മുന്നിൽകണ്ട് ഉപഭോക്താക്കൾക്ക് തുടർച്ചയായി ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി സെപ്റ്റംബർ 27 ഞായറാഴ്ചയും പൊതുമേഖലാ ബാങ്കുകളും റീജിയണൽ റൂറൽ ബാങ്കുകളും പ്രവർത്തിക്കാൻ സർക്കാർ ക്രമീകരണം നടത്തിയിരുന്നു.
സെപ്റ്റംബർ 28 മുതൽ 30 വരെ സമരം നടന്നിരുന്നെങ്കിൽ, വാരാന്ത്യ അവധികൾക്കൊപ്പം ബാങ്കിംഗ് സേവനങ്ങളിൽ വലിയ തടസ്സം ഉണ്ടാകുമായിരുന്നു. പ്രത്യേകിച്ച് സെപ്റ്റംബർ 30-ലെ അർധവാർഷിക ക്ലോസിങ് ബാങ്കിംഗ് മേഖലയെ സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമായതിനാൽ സമരം മാറ്റിവച്ചത് ഇടപാടുകാർക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ആശ്വാസമായി.
ബാങ്ക് യൂണിയനുകളും ഐബിഎയും തമ്മിലുള്ള തുടർചർച്ചകളായിരിക്കും അഞ്ച് ദിവസത്തെ പ്രവൃത്തിദിനം ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ ഇനി നിർണായകമാകുക. സമരം മാറ്റിവച്ചതാണെന്നതിനാൽ, ആവശ്യങ്ങളിലെ അന്തിമ തീരുമാനം ചർച്ചകൾക്കും ഉന്നതതല സമിതിയുടെ നടപടികൾക്കും ശേഷമായിരിക്കും.
