ഡാറ്റ പാക്ക് എടുക്കാതെ തന്നെ കോളിനും എസ്എംഎസ്നും മാത്രമായി റീചാർജ് പ്ലാൻ നല്കാൻ മൊബൈൽ കമ്പനികൾക്ക് ട്രായ് യുടെ ഉത്തരവ്
ന്യൂഡൽഹി: മൊബൈൽ ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്ക് ആശ്വാസമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുതിയ നിർദേശം പുറത്തിറക്കി. ഇനി ടെലികോം കമ്പനികൾ കോളുകളും എസ്എംഎസ് സേവനങ്ങളും മാത്രം ഉൾപ്പെടുന്ന റീചാർജ് പ്ലാനുകൾ ലഭ്യമാക്കണം.
30 ദിവസമോ അതിൽ കുറവോ കാലാവധിയുള്ള വോയിസ് + എസ്എംഎസ് + ഡാറ്റ പ്ലാൻ നൽകുന്നുണ്ടെങ്കിൽ, അതേ കാലാവധിയിലുള്ള വോയിസ് & എസ്എംഎസ്-ഒൺലി പ്ലാനും നൽകണമെന്നാണ് പുതിയ വ്യവസ്ഥ. കൂടാതെ, ഉപഭോക്താക്കൾക്ക് ഓരോ മാസവും ഒരേ തീയതിയിൽ റീചാർജ് ചെയ്യാൻ കഴിയുന്ന ഓപ്ഷനും ലഭ്യമാക്കണം.
ഡാറ്റ ഉപയോഗിക്കാത്ത ഫീച്ചർ ഫോൺ ഉപഭോക്താക്കൾക്കും, പ്രധാനമായും കോളുകൾക്കും എസ്എംഎസ്നും മാത്രം മൊബൈൽ ഉപയോഗിക്കുന്നവർക്കും പുതിയ തീരുമാനം പ്രയോജനപ്പെടും. ദീർഘകാല വോയിസ് & എസ്എംഎസ് -ഒൺലി പ്ലാനും ടെലികോം കമ്പനികൾ ലഭ്യമാക്കണമെന്ന് ട്രായ് നിർദേശിച്ചിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് തങ്ങൾക്ക് ആവശ്യമുള്ള സേവനത്തിന് മാത്രം പണം നൽകാനും അനാവശ്യ ഡാറ്റ പാക്കുകളുടെ ചെലവ് ഒഴിവാക്കാനും പുതിയ തീരുമാനം കൂടുതൽ അവസരം നൽകുമെന്നാണ് പ്രതീക്ഷ.
ട്രായ് 2026 സെപ്റ്റംബർ 21-ന് ഭേദഗതി അന്തിമമാക്കി. വിജ്ഞാപനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന് ശേഷം 30 ദിവസത്തിനകം ഭേദഗതി പ്രാബല്യത്തിൽ വരുമെന്ന് ലഭ്യമായ വിശദീകരണങ്ങൾ വ്യക്തമാക്കുന്നു.
.png)