ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ കോംപാക്ട് സെഡാൻ ‘എയറിസ്’; വില ₹5.29 ലക്ഷം മുതൽ
ന്യൂഡൽഹി: ഇന്ത്യൻ കോംപാക്ട് സെഡാൻ വിപണിയിൽ പുതിയ മോഡലുമായി ടാറ്റ മോട്ടോഴ്‌സ്. ‘ടാറ്റ എയറിസ്’ എന്ന പേരിൽ അവതരിപ്പിച്ച പുതിയ സെഡാൻ വ്യക്തിഗത കാർ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്. പെട്രോൾ, ഐസിഎൻജി പവർട്രെയിനുകളിലാണ് വാഹനം ലഭ്യമാകുന്നത്. പെട്രോൾ മോഡലിന് ₹5.29 ലക്ഷം മുതലും ഐസിഎൻജി മോഡലിന് ₹6.29 ലക്ഷം മുതലുമാണ് എക്സ്ഷോറൂം വില.
നിലവിലെ ടാറ്റ ടിഗോറിന് പകരക്കാരനായാണ് എയറിസ് എത്തുന്നത്. പുതിയ ഡിസൈൻ, കൂടുതൽ സാങ്കേതിക സൗകര്യങ്ങൾ, മെച്ചപ്പെട്ട സുരക്ഷാ ഫീച്ചറുകൾ, പെട്രോൾ-സിഎൻജി ഓപ്ഷനുകൾ എന്നിവയാണ് പുതിയ മോഡലിന്റെ പ്രധാന സവിശേഷതകൾ.
അഞ്ച് വേരിയന്റുകളിലാണ് എയറിസ് എത്തുന്നത്—സ്മാർട്ട് , പുവർ , പുവർ പ്ലസ് , ക്രീയേറ്റീവ് , അക്‌കോംപ്ലിഷേഡ് . മാനുവൽ, ഏഎംടി ഗിയർബോക്സ് ഓപ്ഷനുകളും ലഭ്യമാണ്. ഐസിഎൻജി പതിപ്പിലും എഎംടി നൽകുന്നത് ഈ സെഗ്മെന്റിൽ വാഹനത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്നാണ്.
സ്ലിം എൽഇഡി ഹെഡ്‌ലാമ്പുകൾ എൽഇഡി ഡിആർഎൽ , ഗ്ലോസ്-ബ്ലാക്ക് ഗ്രിൽ, പുതുക്കിയ ബമ്പർ, പുതിയ അലോയ് വീലുകൾ, കണക്റ്റഡ് രീതിയിലുള്ള പിൻ ലൈറ്റുകൾ എന്നിവയാണ് എയറിസിന്റെ ഡിസൈൻ സവിശേഷതകൾ.
അകത്തളത്തിൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ഫോൺ ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്.
സുരക്ഷയുടെ കാര്യത്തിലും ടാറ്റ എയറിസിൽ ശ്രദ്ധ നൽകിയിട്ടുണ്ട്. ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി, 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, ടിപിഎംഎസ് , ഹിൽ-ഹോൾഡ് കൺട്രോൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ തുടങ്ങിയ സംവിധാനങ്ങൾ വാഹനത്തിലുണ്ട്.
1.2 ലിറ്റർ, മൂന്ന് സിലിണ്ടർ പെട്രോൾ എൻജിനാണ് എയറിസിന് കരുത്തേകുന്നത്. പെട്രോൾ പതിപ്പ് 86 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കും നൽകുന്നു. സിഎൻജി പതിപ്പിൽ ഇത് 76 ബിഎച്ച്പി കരുത്തും 97 എൻഎം ടോർക്കുമാണ്.
മാനുവൽ ഗിയർബോക്സിനൊപ്പം എഎംടി ഓപ്ഷനും ലഭ്യമാണ്. പെട്രോൾ മോഡലിന് 419 ലിറ്റർ ബൂട്ട് സ്പേസും ലഭിക്കുന്നു.
ഫ്ലീറ്റ് ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതിന് പകരം വ്യക്തിഗത കാർ ഉടമകളുടെ ആവശ്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത മോഡലാണ് എയറിസ് എന്നാണ് ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കുന്നത്. ഫ്ലീറ്റ് വിപണിയിൽ കമ്പനിയുടെ Xpres ശ്രേണി തുടരും.
കോംപാക്ട് സെഡാൻ വിഭാഗത്തിൽ മാരുതി സുസുക്കി ഡിസയർ, ഹ്യുണ്ടായ് ഓറ, ഹോണ്ട അമേസ് തുടങ്ങിയ മോഡലുകളുമായി മത്സരിക്കാനാണ് എയറിസിന്റെ വരവ്.
ഭാവിയിൽ എയറിസിന് ഇലക്ട്രിക് പതിപ്പ് കൊണ്ടുവരാനുള്ള സാധ്യതയും ടാറ്റ മോട്ടോഴ്‌സ് തുറന്നുവെച്ചിട്ടുണ്ട്. നിലവിലെ പ്ലാറ്റ്‌ഫോം വിവിധ പവർട്രെയിനുകൾ ഉൾക്കൊള്ളുന്ന രീതിയിൽ വികസിപ്പിച്ചിട്ടുണ്ടെന്നും, ഈ വിഭാഗത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യകത വർധിച്ചാൽ ഇവി പതിപ്പ് പരിഗണിക്കാമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
എസ്‌യുവികൾക്ക് വലിയ ജനപ്രീതി ലഭിക്കുന്ന കാലത്തും കോംപാക്ട് സെഡാൻ വിഭാഗത്തിൽ പുതിയ മോഡലുമായി ടാറ്റ മോട്ടോഴ്‌സ് എത്തുന്നത് ഈ സെഗ്മെന്റിന് പുതിയ മത്സരമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. സുരക്ഷ, സാങ്കേതികവിദ്യ, സിഎൻജി, എഎംടി തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുത്തി വ്യക്തിഗത കാർ ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതാണ് എയറിസിന്റെ പ്രധാന തന്ത്രം.
