മുകേഷ് അംബാനിയുടെ ജിയോ യു പി ഐ ലോഞ്ച് ചെയ്യാൻ പോകുന്നു.
ഇന്ത്യയിൽ UPI പയ്മെന്റ്റ് സംവിധാനം വളരെ വേഗത്തിൽ വളർന്നു പന്തലിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇവിടെ സേവന ദാതാക്കളായി നിറഞ്ഞു നിൽക്കുന്നത് വിദേശ കമ്പനികളായ ജിപേയും, ഫോൺപേയും ഒക്കെയാണ്. ഈ അടുത്ത കാലം വരെ പേടിഎം വിപണിയിൽ നിറ സാന്നിധ്യമായിരുന്നെങ്കിലും ആർ ബി ഐ യുടെ വിലക്കുകളെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ ഇന്ത്യൻ യുപിഐ വിപണിയിലെ സിംഹഭാഗവും കയ്യടക്കി വാഴുന്നത് ഈ വിദേശ കമ്പനികളാണ്.
ഈ വിദേശ സാന്നിധ്യം പരിമിതപ്പെടുത്താനും സ്വദേശീയ സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കാനും കേന്ദ്ര ഭരണകൂടം ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെങ്കിലും അത് വേണ്ട രീതിയിൽ ഫലപ്രാപ്തി നേടിയിട്ടുണ്ടോ എന്നതിൽ സംശയമാണ്.
ഈ സാഹചര്യത്തിൽ ആണ് മുകേഷ് അംബാനിയുടെ ജിയോ യു പി ഐ ലോഞ്ച് ചെയ്യാൻ പോകുന്നു എന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്. ഈ വാർത്ത വന്നതുമുതൽ പൊതുവെയുള്ള വിലയിരുത്തൽ വിദേശ കമ്പനികളുടെ ആധിപത്യം അവസാനിക്കാൻ ജിയോയുടെ UPI ഇടയാക്കും എന്നുതന്നെയാണ്.
കൈവെച്ച മേഖലകളിലെല്ലാം തന്നെ വിജയം നേടിയിട്ടുള്ള മുകേഷ് അബാനിയുടെ ജിയോ ടെലികോം മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നതാണ്. മറ്റുള്ള കമ്പനികളുടെ പ്ലാനുകളെ അപേക്ഷിച്ചു വളരെ കുറഞ്ഞ നിരക്കിൽ കിടിലൻ ഓഫറുകൾ നൽകിയും കാര്യക്ഷമമായ സർവിസുകൾ നൽകിയും ജിയോയുടെ വളർച്ച ടെലികോം സെക്ടറിൽ വളരെ വേഗമായിരുന്നു.
യു പി ഐ പെയ്മെന്റ് മാർക്കറ്റിൽ പുതിയ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ തയ്യാറായാണ് ജിയോ വരുന്നത്. പേടിഎം പോലെ സൗണ്ട് ബോക്സ് സംവിധാനം ഒരുക്കിക്കൊണ്ടായിരിക്കും ജിയോയും വരുന്നത്. ജിയോ പേയ്മെന്റ് ആപ്പുമായി സൗണ്ട് ബോക്സ് ബന്ധിപ്പിച്ചുകൊണ്ട് പ്രവർത്തിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് അറിയാൻ കഴിയുന്നത്.
സാധാരണക്കാരെയും ബുസിനെസ്സുകാരെയും ഒരേ കുടക്കീഴിൽ കൊണ്ടുവരാനാണ് ജിയോ ഉദ്ദേശിക്കുന്നത്. ഏകദേശം 44 മില്യൺ ഉപഭോക്താക്കളാണ് ജിയോയ്ക്കു ഉള്ളത്. ശക്തമായ ഉപഭോക്തൃ അടിത്തറയുള്ള ജിയോയ്ക്കു ഇവരെയെല്ലാം കൂട്ടാനായാൽ അത് വിദേശ ആധിപത്യം തടയാനും സ്വദേശ ആധിപത്യം വളർത്താനും സഹായിക്കും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.