ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ അവരുടെ ജോലി, പഠനം തുടങ്ങിയ പ്രധാന ആവശ്യങ്ങൾക്കും കൂടാതെ നേരംപോക്കിനുമായി മൊബൈൽ ഫോണുകൾ വളരെയധികം ഉപയോഗിക്കുന്നുണ്ട്. ജോലിക്കാർക്കും പഠിക്കുന്നവർക്കും ഒരുപാടു നേരം സ്‌ക്രീനിൽ നോക്കിയിരിക്കണം. അത് അവരുടെ ജോലിയുടെ ഭാഗമാണെന്നു പറയാം. എന്നാൽ റീൽസ്, സിനിമ, സോഷ്യൽ മീഡിയ എന്നിവയ്ക്കായി ടൈംപാസിനുവേണ്ടി മൊബൈലിൽ തോണ്ടിക്കൊണ്ടിരിക്കുന്നവർ വളരെയേറെയാണ്.
ഇന്ത്യക്കാർ അമിതമായ തോതിൽ മൊബൈൽ / ലാപ്‌ടോപ്പുകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
2022-ൽ ഇന്ത്യക്കാർ അവരുടെ സ്മാർട്ട്ഫോണിൽ പ്രതിദിനം 4.9 മണിക്കൂർ ചെലവഴിച്ചുവെന്നാണ് അടുത്തിടെ വന്ന ഒരു റിപ്പോർട്ടിൽ പറയുന്നത്. ഇത് ഒരാൾ അവരുടെ ഹാൻഡ്‌സെറ്റുകളിൽ പ്രതിദിനം ചെലവഴിക്കുന്ന ഏറ്റവും ഉയർന്ന ശരാശരി മണിക്കൂറുകളുടെ കണക്കിൽ ഇന്ത്യയെ എട്ടാം സ്ഥാനത്ത് എത്തിച്ചിരിക്കുന്നു.
ഏറ്റവും കൂടുതൽ സ്ക്രീൻ സമയം ഉപയോഗിക്കുന്നത് ദക്ഷിണാഫ്രിക്കക്കാരാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. അവർ എല്ലാ ദിവസവും 9 മണിക്കൂർ 27 മിനിറ്റ് അവരുടെ മൊബൈൽ, ലാപ്പ്ടോപ്പുകൾ, കംപ്യൂട്ടറുകൾ എന്നിവയിൽ മുഴുകിയിരിക്കുന്നു.
ഓരോ ദിവസവും എത്ര സമയം ഫോണിൽ ചെലവഴിക്കാം എന്നതിന് കണക്കുണ്ട്. ദിവസത്തിൽ 2 മണിക്കൂറിൽ താഴെ സമയം മൊബൈൽ സ്ക്രീൻ നോക്കിയിരിക്കുന്നതിൽ വലിയ കുഴപ്പമില്ല എന്നാണ് വൈദ്യശാസ്ത്രപരമായി ശുപാർശ ചെയ്യുന്നത്. ഇതിൽ കൂടുതൽ സമയം ഉപയോഗിക്കുന്നത് ആരോഗ്യത്തിനു നന്നല്ല എന്നും പറയുന്നു.
ഒരു പരിധിയിൽ കൂടുതൽ സമയം മൊബൈൽ, ലാപ്ടോപ്പ് സ്ക്രീനുകളിൽ നോക്കുന്നത് ശാരീരികവും മാനസികവുമായ പലതരം ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
കൂടുതൽ നേരം സ്‌ക്രീനിൽ നോക്കിയിരിക്കുന്നത് കണ്ണിന്റെ സ്ട്രെയിൻ കൂട്ടും എന്നതാണ് പ്രദാനമായും പറയുന്നത്. ഇത് മൂലം വരണ്ട കണ്ണുകൾ, മങ്ങിയ കാഴ്ച, തലവേദന, കഴുത്ത് വേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടാകാനിടയുണ്ട്. നിങ്ങളുടെ കണ്ണുകൾ ഒരു ക്ലോസ്-അപ്പ് സ്ക്രീനിൽ ദീർഘനേരം കേന്ദ്രീകരിക്കുന്നതിലൂടെയും നിങ്ങളുടെ കണ്ണുചിമ്മൽ നിരക്ക് കുറയ്ക്കുന്നതിലൂടെയും നിങ്ങളുടെ കണ്ണിലെ പേശികളെ ബുദ്ധിമുട്ടിക്കുന്നത് കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്.
അതുപോലെ ഒരു പരിധിയിൽ കൂടുതലായുള്ള ഉപയോഗം കഴുത്ത്, തോളുകൾ, പുറം, കൈത്തണ്ട എന്നിവിടങ്ങളിൽ വേദനയ്ക്ക് കാരണമാകും. ദീർഘ നേരം കുനിഞ്ഞിരിക്കുന്നതും , കൈകൾ, വിരലുകൾ വളരെയേറെ സമയം പ്രത്യേക രീതിയിൽ ചലിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
മറ്റൊന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ പുറപ്പെടുവിക്കുന്ന നീല വെളിച്ചം ഉറക്കത്തെ കുറയ്ക്കും. നിങ്ങളുടെ ഉറക്കത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന മെലറ്റോണിൻ എന്ന ഹോർമോണിന്റെ ഉത്പാദനത്തെ കുറയ്ക്കുന്നതാണ് ഈ നീലവെളിച്ചം. ഇത് ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടാക്കുകയും അതുവഴി ക്ഷീണം തളർച്ച തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിതെളിയിക്കും.
അമിതമായി സ്ക്രീൻ ഉപയോഗിക്കുക വഴി ഉത്കണ്ഠ, വിഷാദം, ഏകാന്തത എന്നിവ വർധിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.
ദീർഘനേരം കംപ്യൂട്ടറിന്റെയോ മൊബൈലിന്റെയോ മുന്നിൽ ഇരിക്കുന്നത് അമിതവണ്ണം, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു. ചെറുപ്പക്കാരിലും മറ്റും പൊണ്ണത്തടിയും, ഹാർട് സംബദ്ധമായ പ്രശ്നങ്ങളും ഉണ്ടാകുന്നത് ഇങ്ങനെ സ്‌ക്രീനിനുമുന്നിൽ മറ്റൊരു ചെലവുമില്ലാതെ ഒരേ രീതിയിൽ ഇരിക്കുന്നതുകൊണ്ടു സംഭിക്കുന്നതാണ്. കാരണം കൂടുതൽ നേരം ഇങ്ങനെ ഇരിക്കുമ്പോൾ വ്യായാമം കുറയുകയും നമ്മൾ അലസരായി മാറുകയും ചെയ്യും.
അമിതമായ സ്ക്രീൻ സമയ ഉപയോഗം പ്രത്യേകിച്ച് ബാല്യ- കൗമാരക്കാരെ മയോപിയ രോഗത്തിന് അടിമകളാക്കും എന്ന് ചില പഠനങ്ങൾ പറയുന്നു. സമീപത്തുള്ള വസ്തുക്കൾ വ്യക്തമായും എന്നാൽ അകലെയുള്ള വസ്തുക്കൾ അവ്യക്തമായും കാണപ്പെടുന്ന ഒരു സാധാരണ കാഴ്ച അവസ്ഥയാണ് സമീപകാഴ്ച (മയോപിയ). സ്‌ക്രീനിൽ നോക്കുമ്പോൾ നമ്മൾ സാധാരണ ഉപയോഗിക്കുന്നതിനെ അപേക്ഷിച്ച് സ്‌ട്രെയിൻ എടുക്കുന്നതിനാൽ ആണിത് സംഭവിക്കുന്നത്. ഉയർന്ന അളവിലുള്ള സ്‌ക്രീൻ സമയം മയോപിയയുടെ 30% ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു
മൊബൈൽ ഫോണുകളുടെയും ലാപ്ടോപ്പുകളുടെയും അമിത ഉപയോഗം ഒരു ഡിജിറ്റൽ ആസക്തി പോലുള്ള പെരുമാറ്റങ്ങളിലേക്ക് പലപ്പോഴും നയിച്ചേക്കാം. കാരണം ഇത് ഉപയോഗിക്കാതെവരുമ്പോൾ മറ്റു ചില മാനസിക പ്രശ്നങ്ങളും ലഹരി ഉപയോഗിക്കുന്നവർക്ക് അത് കിട്ടാതെ വരുമ്പോൾ ഉള്ള മനോവിഭ്രാന്തിയിലേക്കും നയിച്ച സംഭവങ്ങൾ പലപ്പോഴും കേൾക്കാറുണ്ട്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പലപ്പോഴും സത്യമാകണമെന്നില്ല. പക്ഷെ സ്ക്രീനുകളിൽ, പ്രത്യേകിച്ച് സോഷ്യൽ മീഡിയ, വാർത്താ ഫീഡുകൾ എന്നിവയുമായി നിരന്തരം സമ്പർക്കം പുലർത്തുകയും സത്യമല്ലാത്ത പല വാർത്തകളും വിശ്വസിക്കുകയും അതുവഴി സമ്മർദ്ദവും ഉത്കണ്ഠയ്ക്കും കാരണമാകും. അത് നിങ്ങളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യാറുണ്ട്.
മൊബൈൽ കൂടുതലായി ഉപയോഗിക്കുന്നതുകൊണ്ടുള്ള ആരോഗ്യ അപകടസാധ്യതകൾ കുറയ്ക്കുന്നതിനുള്ള ചില മുൻകരുതലുകൾ ഇവയാണ്,
ഓരോ 25 മിനിറ്റിലും 20-25 സെക്കൻഡ് സമയം സ്ക്രീനിൽ നിന്ന് ഇടവേളകൾ എടുക്കുന്നത് നന്നായിരിക്കും.. കുറച്ചുസമയം അകലെ നോക്കുക, അകലെയുള്ള മറ്റു എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നന്നായിരിക്കും.
ഇടയ്ക്കിടെ ഇരിക്കുന്നിടത്തു നിന്നും എഴുന്നേറ്റു നിൽക്കുക, കൈകാലുകൾക്ക് ഇടയ്ക്കിടെ വ്യയാമം കൊടുക്കുക എന്നതും ആരോഗ്യത്തിനു നല്ലതാണ്.
ബ്ലൂ ലൈറ്റ് എമിഷൻ കുറയ്ക്കുന്ന സ്ക്രീൻ ഫിൽട്ടറുകളോ അല്ലെങ്കിൽ അതുപോലുള്ള മറ്റു അപ്ലിക്കേഷനുകളോ ഉപയോഗിക്കുക. ബ്ലൂ ലൈറ്റ് ഫിൽട്ടറുകളോ ഗ്ലാസുകളോ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. അത് ഉപയോഗിക്കുന്നത് നന്നായിരിക്കും.
ഉറങ്ങുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും സ്ക്രീനുകൾ ഉപയോഗിക്കുന്നത് പൂർണമായും ഒഴിവാക്കുക. അത് നിങ്ങളുടെ മാനസിക നില വളരെ നല്ലരീതിയിലേക്കു കൊണ്ടുവരാനും, ഒരു റിലാക്സ് മൂഡിലേക്ക് മനസിനെ കൊണ്ടുവരാനും സുഖകരമായ ഉറക്കം സമ്മാനിക്കാനും സഹായിക്കും.
അതുപോലെ സോഷ്യൽ മീഡിയയിലും യുട്യൂബിലും ഒക്കെ വരുന്ന കാര്യങ്ങൾ അത് അതേപടി വിശ്വസിക്കത്തെ അതിന്റെ ആധികാരികത അന്വേഷിക്കാൻ മറക്കരുത്. ഒന്നും കണ്ണുമടച്ചു വിശ്വസിക്കാതിരിക്കുക എന്നതും വളരെ ആവശ്യമാണ്.
പതിവ് വ്യായാമം നടത്തുക . കഴിയുന്നതും മിക്ക ദിവസങ്ങളിലും കുറഞ്ഞത് 30 മിനിറ്റ് മിതമായ / തീവ്രതയുള്ള വ്യായാമം നടത്തുന്നത് പതിവാക്കുക, അത് നിങ്ങളുടെ ആരോഗ്യത്തെയും മാനസികാവസ്ഥയെയും കുളിർമയുള്ളതാക്കാൻ സഹായിക്കും.
എല്ലാറ്റിനുമുപരി മനസാണ് നിങ്ങളുടെ ഏറ്റവും വലിയ ശക്തിസ്രോതസ്. എന്ത് ചെയ്യണം എന്ത് ചെയ്യണ്ട എന്ന് തീരുമാനിക്കുന്നത് നിങ്ങളാണ്, നിങ്ങളുടെ മനസ് ആണ്. ആരോഗ്യമുള്ള മനസും ശരീരവുമാണ് ഓരോ വ്യക്തിയുടെയും ഏറ്റവും വലിയ സ്വത്തു. അതില്ലാതെ വന്നാൽ പിന്നെ നമ്മെ ഒന്നിനും കൊള്ളില്ല. ക്ഷണികമായ അല്പസുഖത്തിനും സന്തോഷത്തിനും വേണ്ടി നമ്മുടെ വിലയേറിയ ഭാവി ജീവിതം നശിപ്പിക്കണോ എന്ന് സ്വയം തീരുമാനിക്കുക,