ബജാജ് അലയൻസ് ഹെൽത്ത് ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ക്യാഷ്‌ലെസ് ചികിത്സാ സൗകര്യം നഷ്ടമാകുന്നു.
15,200 ലേറെ ആശുപത്രികളാണ് ഈ തീരുമാനം എടുത്തിരിക്കുന്നത് എന്ന് അസോസിയേഷൻ ഓഫ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് ഓഫ് ഇന്ത്യ ആണ് അറിയിച്ചത്.
മാക്സ് ഹെൽത്ത് കെയർ. മേദാന്ത, തുടങ്ങിയ പല പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ്പുകളും ഈ തീരുമാനത്തിൽ ഉറച്ചുനിക്കുന്നു എന്നാണ് അറിയുന്നത്.
ഇൻഷുറൻസ് കമ്പനികളും ആശുപത്രികളും തമ്മിലുള്ള ചികിത്സാ നിരക്കുകൾ സംബന്ധിച്ചുള്ള ചില തർക്കങ്ങളാണ് ഈ പ്രതിസന്ധിക്കു കാരണം.
ബജാജിന്റെ ഉപഭോക്താക്കളെ ഇത് പ്രതികൂലമായി ബാധിക്കും എന്നതിൽ സംശയമില്ല.
മെഡിക്ലെയിം കാർഡുകൾ കാണിച്ചാൽ അത് പരിശോധിച്ച് രോഗിയുടെ ചികിത്സ ചെലവ് മുഴുവനും കമ്പനി നേരിട്ട് ഹോസ്പിറ്റലുകൾക്കു നൽകുന്നതാണ് ക്യാഷ്‌ലെസ്സ് സംവിധാനം. ആദ്യം പണം സ്വന്തം കയ്യിൽനിന്നും നൽകി പിന്നീട് അത് ഇൻഷുറൻസ് കമ്പനികളിൽനിന്നും വാങ്ങാൻ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാനും, പണം കയ്യിലില്ലെങ്കിലും പാനൽ ഹോസ്പിറ്റലുകളിൽ ചെന്നാൽ ഒരു രൂപപോലും നൽകാതെ ചികിത്സ നേടാം എന്നതിനാൽ ക്യാഷ്‌ലെസ്സ് ഹോസ്പിറ്റലുകളാണ് കൂടുതലും ഉപഭോക്താക്കൾ തിരഞ്ഞെടുക്കാറുള്ളത്.
ഹോസ്പിറ്റലുകളുടെ പുതിയ തീരുമാനം ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കാൻ പോകുന്നത്.
ആശുപത്രികളുമായി സംസാരിച്ചു പ്രശനം പരിഹരിക്കാൻ ശ്രമിക്കുമെന്ന് ബജാജ് അലയൻസ് അധികാരികൾ അറിയിച്ചു.
പ്രശ്നപരിഹരം ഉണ്ടായില്ലെങ്കിൽ നാളെമുതൽ ക്യാഷ്‌ലെസ്സ് സൗകര്യം അവസാനിപ്പിക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.